വേദശാസ്ത്രത്തില്‍ വേരൂന്നിയ ബ്രഹ്മസൂത്രം

Updates from :  Janmabhumi Daily :

ബ്രഹ്മസൂത്രം കൈകാര്യം ചെയ്യുന്ന വിഷയം അതിഗഹനമാണ്. ഗൂഢമായ അര്‍ഥതലങ്ങളെ സൂത്രരൂപത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുള്ള ഇതിനെ അറിയണമെങ്കില്‍ ഓരോ വാക്കിന്റെയും വരിയുടെയും അന്തരാര്‍ഥത്തിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. ഈ ദൗത്യമാണ് ഭാഷ്യം നിര്‍വഹിക്കുന്നത്. ശ്രീശങ്കരഭഗവദ്പാദരുടെ ഭാഷ്യമാണ് അദ്വൈതവേദാന്തപദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയം. വേദാന്ത ചിന്തയെ കരുത്തുറ്റതാക്കുന്നത് ഭാഷ്യകാരനായ ആചാര്യ പാദങ്ങളാണെന്ന് നിസ്സംശയം പറയാം.

ഭാഷ്യരചനയുമായി ബന്ധപ്പെട്ടും അല്ലെങ്കില്‍ ബ്രഹ്മസൂത്രമുള്‍പ്പടെയുള്ള വേദാന്ത ഗ്രന്ഥങ്ങളെ ആഴത്തില്‍ പഠിക്കുമ്പോഴും 5 കാര്യങ്ങളെ ഉള്‍പ്പെടുത്തണം.

വിഷയം, സംശയം, പൂര്‍വപക്ഷം, സിദ്ധാന്തം, സംഗതി എന്നിവയാണവ. ബ്രഹ്മസൂത്രത്തിലെ ഒരോ അധികരണത്തിനും കീഴില്‍ ഉപവിഭാഗങ്ങളായും ഇവയെ പറയുന്നു. വേദാന്തപ്രസ്താവനകളെ ചര്‍ച്ച ചെയ്യുന്നതിനെയാണ് വിഷയം എന്ന് പറയുന്നത്.

അതില്‍ സാധ്യതയുള്ള സംശയങ്ങളെ ഉന്നയിക്കുന്നതാണ് സംശയം. എതിര്‍ഭാഗത്തിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതാണ് പൂര്‍വ പക്ഷം. ഇവയ്ക്കുള്ള മറുപടിയും ശരിയായ വിശകലനവും വേദാന്ത പക്ഷത്തെ സമര്‍ത്ഥിക്കുന്നതുമാണ് സിദ്ധാന്തം അഥവാ സിദ്ധാന്തപക്ഷം. ചര്‍ച്ച ചെയ്യുന്ന കാര്യത്തിന്റെ പ്രസക്തി വിവരിച്ച് സമര്‍പ്പിക്കുന്നതാണ് സംഗതി. ചര്‍ച്ച ചെയ്യുന്ന കാര്യം എങ്ങനെ വേണ്ടവിധത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നതും സംഗതിയുടെ ഭാഗമാണ്. ബ്രഹ്മസൂത്രം ന്യായപ്രസ്ഥാനത്തില്‍ വരുന്നതാകയാല്‍ എന്താണ് ന്യായമെന്ന് അറിയുന്നത് നന്നായിരിക്കും. നൈയായികന്മാരാണ് ന്യായ ദര്‍ശനത്തെ രൂപപ്പെടുത്തിയത്. നാല് കാര്യങ്ങളാണ് ഇതില്‍ പ്രധാനമായും വേണ്ടത്. ഒരു കാര്യത്തെക്കുറിച്ചുള്ള ശരിയായ പഠനം, അതുമായി ബന്ധപ്പെട്ട വസ്തുതകളെ ശേഖരിക്കല്‍, അതില്‍ സാമാന്യവും അടിസ്ഥാനവുമായ അറിവിനെ ചേര്‍ക്കല്‍, ഇതേ തുടര്‍ന്ന് അനുമാനം നടത്തല്‍ എന്നതാണ് രീതി.

മുന്‍ അനുഭവവുമായി ബന്ധപ്പെട്ട അനുമാനവാക്യം, സാമാന്യതയെ അഥവാ സാധാരണ അറിവിനെ കാണിക്കുന്ന വ്യാപ്തിവാക്യം എന്നിവയുടെ സഹായത്തോടെ ന്യായചിന്ത പ്രവര്‍ത്തിക്കുന്നു.

ഉദാഹരണത്തിന്, മലമുകളില്‍ പുക കാണുമ്പോള്‍ ‘മലയില്‍ തീ’ എന്ന് പറയുന്നു. ഇത് അനുമാനിച്ചതാണ്. അടുക്കളയില്‍ തീ(വിറക്)കത്തുമ്പോള്‍ പുകയുണ്ടാകാറുണ്ട്. അതിനാല്‍ എവിടെയൊക്കെ പുക കാണുന്നുവോ അവിടെയൊക്കെ തീ ഉണ്ട് എന്ന കാര്യം ഉറപ്പാകുന്നു. ഇത് അനുമാനിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ലൗകികമെന്നും ശാസ്ത്രീയമെന്നും രണ്ട് തരത്തിലാണ് അനുമാനം. ഭൗതികമായ വിലയിരുത്തലാണ് ലൗകിക അനുമാനം. എന്നാല്‍ വേദശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ശാസ്ത്രീയ അനു

മാനം. ലൗകിക അനുമാനത്തില്‍ അറിവിനെ ചോദ്യം ചെയ്യാത്തതു പോലെയാണ് ശാസ്ത്രീയ അനുമാനത്തിലും. വേദം പറഞ്ഞിട്ടുണ്ട് ഇത് ഇങ്ങനെയാണ് എന്ന്. അപ്രകാരം അത് അങ്ങനെ തന്നെ. ബ്രഹ്മസൂത്രം ശാസ്ത്രീയ അനുമാനമാണ്. ഇതിനാവശ്യമായ വിവരശേഖരണം നടത്തിയിട്ടുള്ളത് ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നാണ്.

വേദത്തിലും ശാസ്ത്രഗ്രന്ഥങ്ങളിലും അടിയുറച്ച വിശ്വാസമുള്ളയാള്‍ക്കേ ബ്രഹ്മസൂത്രമുള്‍പ്പടെയുള്ള ആധ്യാത്മിക പഠനം പ്രയോജനപ്പെടൂ. വേദത്തില്‍ വിശ്വസിക്കാത്ത നാസ്തികരോട് ബ്രഹ്മസൂത്രം തര്‍ക്കത്തിനില്ല. കാരണം അവര്‍ക്ക് സത്യബുദ്ധിയില്ല എന്നത് തന്നെ.

ലൗകിക അനുമാനം ഒരു പരിധി വരെ ബ്രഹ്മസൂത്രത്തെ സഹായിക്കുന്നുണ്ട്. എതിരാളികളെ എതിര്‍ക്കാനും സമര്‍ത്ഥിക്കാനും ഇതുകൊണ്ട് കഴിയും. എന്നാല്‍, വേദാന്തത്തെ വേണ്ടപോലെ സമര്‍ത്ഥിക്കാന്‍ അതിനാകില്ല. എതിര്‍ വാദത്തിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ കഴിയണം എന്നതും വളരെ പ്രധാനമാണ്. ഇത് ശാസ്ത്രീയ അനുമാനം കൊണ്ടേ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.