യോഗദിന സന്ദേശം

Updates from :  the Janmabhoomi

മക്കളേ, 

ഒരു ശരാശരി മനുഷ്യന്‍ അവന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ തന്റെ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. നമ്മിലെ അത്തരം കഴിവുകളെ ഉണര്‍ത്താനും സ്വന്തം പൂര്‍ണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാര്‍ഗ്ഗമാണ് യോഗ.

ഇന്ന് ആധുനിക മരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയൂര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റായ ജീവിതശൈലിയും കാഴ്ച്ചപ്പാടുകളും കാരണം പൊതുവെ മനുഷ്യരുടെ ആരോഗ്യനില പഴയകാലത്തെ അപേക്ഷിച്ച് മോശമാണ്. ആരോഗ്യമെന്നാല്‍ രോഗങ്ങളുടെ അഭാവം മാത്രമല്ല. ദീര്‍ഘനേരം ക്ഷീണമില്ലാതെ ജോലി ചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓര്‍മ്മശക്തിയുടെയും തെളിവ് തുടങ്ങിയവയും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. ഇവയ്‌ക്കെല്ലാം ഉപകരിക്കുന്ന ഒരു സമഗ്രശാസ്ത്രമാണ് യോഗ. ആരോഗ്യസംരക്ഷണത്തിന് അനേകം വ്യായാമമുറകള്‍ ഉണ്ടെങ്കിലും യോഗയിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

സന്ധികള്‍, പേശികള്‍, ഗ്രന്ഥികള്‍, നാഡികള്‍ തുടങ്ങി എല്ലാ ശരീരഭാഗങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തിന് യോഗ സഹായിക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പുതിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് യോഗയുടെ പ്രസക്തി എന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുന്നു. യോഗയുടെ പ്രയോജനം കൂടുതല്‍ ജനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ അന്താരാഷ്ട്രയോഗദിനം പോലുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.

തിരക്കേറിയ ജീവിതവും വ്യായാമക്കുറവും ടെന്‍ഷനും അവ സൃഷ്ടിക്കുന്ന അസുഖങ്ങളും ഇന്നത്തെ സമൂഹത്തിന്റെ ശാപമാണല്ലോ. ദിവസവും നമ്മള്‍ ഏറ്റവും കുറഞ്ഞത് മുപ്പതു മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്.

ഇതോടൊപ്പം പത്തു മിനിട്ടു നേരമെങ്കിലും എന്നും സൂര്യപ്രകാശം ഏല്‍ക്കേണ്ടതും ആവശ്യമാണ്. ഇക്കാലത്ത്, മിക്കവരും ഏസി വീട്ടില്‍ നിന്ന് ഏസി കാറിലേയ്ക്കും, ഏസി കാറില്‍ നിന്ന് ഏസി ഓഫീസിലേയ്ക്കും പോകുകയാണ് പതിവ്. അതുകാരണം ശുദ്ധവായുവിന്റെയും സൂര്യപ്രകാശത്തിന്റെയും ലഭ്യത തീരെ കുറയുന്നു. അതവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. ചിലര്‍ അവരുടെ മക്കള്‍ക്ക് വിലയേറിയ ആഡംബര കാറുകള്‍ വാങ്ങിക്കൊടുക്കും. കുട്ടികള്‍ വ്യായാമം ചെയ്യാനായി ജിമ്മിലേയ്ക്ക് പോകുന്നതും തിരിച്ചു വരുന്നതും കാറിലാണ്. ജിമ്മിലെ അംഗമാകാന്‍ പ്രതിവര്‍ഷം ആയിരക്കണക്കിനു രൂപ വേറെയും ചെലവാക്കും. ഇതു കേട്ടാല്‍ അതിശയോക്തിയാണെന്നു തോന്നാമെങ്കിലും ഈ ശീലം  പൊതുവെ കണ്ടുവരുന്നുണ്ട്. എന്നാല്‍ ജിമ്മിലേയ്ക്ക് നടന്നുപോകാന്‍ തയ്യാറാകുകയാണെങ്കില്‍ അത് ശരീരത്തിന് ഒന്നുകൂടി വ്യായാമം നല്കും. രാവിലെയും വൈകിട്ടും വീട്ടിനടുത്തുള്ള പാര്‍ക്കിലോ ബീച്ചിലോ നടക്കുക എന്ന ശീലം വളര്‍ത്തിയെടുത്താല്‍ ജിമ്മില്‍ പോകാന്‍വേണ്ടി പണം ചെലവു ചെയ്യേണ്ടിവരില്ല. ജിമ്മില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍  ആരോഗ്യകരമായ വ്യായാമം നടക്കുന്നതിലൂടെ ലഭിക്കുകയും ചെയ്യും. മാത്രമല്ല, ശുദ്ധവായു ശ്വസിക്കാനും സൂര്യപ്രകാശമേല്‍ക്കാനും അതൊരു അവസരമാകും. ഇതിനുപുറമെ, ഇന്ധനം ലാഭിക്കാനും, അതു കത്തുമ്പോള്‍ പുറപ്പെടുന്ന ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നതു ഒഴിവാക്കാനും ഈ ശീലം സഹായിക്കും.   അതെല്ലാം എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വെക്കുന്നതോടൊപ്പം യോഗ കൂടി പരിശീലിക്കുകയാണെങ്കില്‍ അത് ശരീരത്തിനും മനസ്സിനും ഒരു പുതുജീവന്‍ നല്കും. പ്രമേഹം, കോളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളെ വലിയൊരളവോളം നിയന്ത്രിക്കാന്‍ യോഗയ്ക്ക് കഴിയും. ചുരുങ്ങിയ സമയംകൊണ്ട് ശരീരഭാഗങ്ങള്‍ക്ക് വ്യായാമം നല്‍കുന്ന സൂര്യനമസ്‌കാരവും തിരഞ്ഞെടുത്ത യോഗാസനങ്ങളും  ഇക്കാര്യത്തില്‍ ഏറെ പ്രയോജനപ്രദമാണ്.

കൂടാതെ ബോധത്തോടെയുള്ള ദീര്‍ഘ ശ്വാസോച്ഛ്വാസവും ധ്യാനപരിശീലനവും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതിനു പുറമേ മനശ്ശാന്തിയും ഏകാഗ്രതയും വളര്‍ത്തുന്നു. രോഗപ്രതിരോധശേഷി വളര്‍ത്താനും വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താനും യോഗ സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവബോധത്തോടെ സാവകാശം ചെയ്യുമ്പോഴാണ് യോഗ പൂര്‍ണഫലം നല്‍കുന്നത്. തുടക്കക്കാരും രോഗികളും ഒരു പരിശീലകന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.

യോഗ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേയ്ക്കുള്ള വ്യായമമുറ മാത്രമല്ല, അത് ധാര്‍മ്മികമൂല്യങ്ങള്‍ക്കുകൂടി സ്ഥാനമുള്ള സമഗ്രജീവിതരീതിയാണ്്. ജീവിതവിജയത്തിനും ആത്മീയ ഉന്നതിയ്ക്കും ഒരുപോലെ സഹായകമാണ് യോഗ. ഏത് ആദ്ധ്യാത്മിക മാര്‍ഗ്ഗമായാലും അവയ്‌ക്കെല്ലാം യോഗ സഹായകമാണ്. ഏതു ദേശത്തായാലും മനുഷ്യപ്രകൃതിയ്ക്ക് കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ ജാതിമതവ്യത്യാസമില്ലാതെ ഏവര്‍ക്കും യോഗ സ്വീകരിക്കാവുന്നതാണ്. പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാര്‍ മനുഷ്യരാശിക്ക് നല്കിയ ഈ അമൂല്യ സമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

(ജൂണ്‍ 21, അന്താരാഷ്ട്ര യോഗദിനം)

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.