അനാദരവ് ആയുസ്സിനെ ഹനിക്കും : ആചാര്യശ്രീ രാജേഷ്

Updates from :  Janmabhumidaily

ആചാര്യശ്രീ രാജേഷ്   :  വേദസാരം
Friday 10 May 2019 1:09 am IST

ഥര്‍വവേദത്തില്‍ പറയും, നിങ്ങള്‍ ‘ജ്യായസ്വന്ത:’  ആകണം (അഥര്‍വം 3.30. 5) അതായത്  മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരാകണം എന്ന്. തന്റെ ശരീരത്തേക്കാള്‍ പഴക്കമുള്ള ശരീരത്തോടുള്ള ആദരവല്ല അത്, മറിച്ച് അന്നവര്‍ അത്രയും കാലം കൊണ്ട് ആര്‍ജിച്ചെടുത്ത അനുഭവസമ്പത്തിനോടുള്ള ആദരവാണ്. ഒരു പക്ഷേ അവര്‍ പറയുന്നത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എങ്കില്‍ പോലും അതുകാരണം അനാദരവ് കാട്ടിക്കൂട. അത് അധര്‍മമാണ്. ചിലപ്പോള്‍ നാളെ നിങ്ങള്‍ തെറ്റായിരുന്നുവെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം അത് നിങ്ങളില്‍ പ്രജ്ഞാപരാധമായി മാറുകയും ചെയ്യും. അതു കൊണ്ടാണ് വേദം മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പറയുന്നത്.

ഈ വൃദ്ധോപസേവയ്ക്ക് നാം ചിന്തിക്കുന്നതിനപ്പുറം നിരവധി മാനങ്ങളുണ്ട്. ചാണക്യസൂത്രങ്ങളില്‍ ആചാര്യ ചാണക്യന്‍ പറയുന്നു:’ രാജ്യത്തിന്റെ  അടിസ്ഥാനം രാജപുരുഷന്മാരുടെ ഇന്ദ്രിയജയത്തിലാണിരിക്കുന്നത്. ഇന്ദ്രിയജയമാകട്ടെ വിനയത്തിലും വിനയം വൃദ്ധരോടുള്ള (മുതിര്‍ന്നവരോടുള്ള)  ആദരവിലും അധിഷ്ഠിതമായിരിക്കുന്നു.’ (ചാണക്യസൂത്രം 4,5,6 ). തിരിച്ചു ചിന്തിച്ചാല്‍, വൃദ്ധരോട് അത് വയോവൃദ്ധരോ ജ്ഞാനവൃദ്ധരോ ആയിക്കൊള്ളട്ടേ  ആദരവ് കാണിക്കുന്നതിലൂടെ മാത്രമാണ് വിനയം ഉണ്ടായിവരുക. വിനയം ഉള്ളവര്‍ക്കേ തങ്ങളുടെ ഇന്ദ്രിയങ്ങളെ അടക്കി നിര്‍ത്താന്‍ കഴിയൂ. അങ്ങനെ ഇന്ദ്രിയങ്ങള്‍  നിയന്ത്രിക്കാനറിയുന്ന വ്യക്തികള്‍ ചേരുന്ന ഒരു സമൂഹത്തില്‍ യാതൊരുവിധ കൊള്ളരുതായ്മകളും ഉണ്ടാകില്ല. അത്തരം സമൂഹില്‍ നിന്നും ഉയര്‍ന്നു വരുന്നവര്‍ രാജ്യാധികാരത്തിലെത്തിയാലേ അത് രാജ്യത്തിന്റെ പുരോഗതിക്ക് അനുകൂലമായിത്തീരൂ. അങ്ങനെ നോക്കുമ്പോള്‍ ആചാര്യചാണക്യന്റെ  അഭിപ്രായത്തില്‍ ആളുകള്‍ മുതിര്‍ന്നവരെ ബഹുമാനിക്കാതായാല്‍ അത് രാജ്യത്തെത്തന്നെ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്ന് സാരം.

മുതിര്‍ന്ന ആളുകള്‍ കടന്നുവരുമ്പോള്‍ ഇളയവര്‍ ഇരിക്കുന്നിടത്തു തന്നെ ഇരിക്കാതെ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യണം എന്ന് നമ്മുടെ മുന്‍ തലമുറ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മനുസ്മൃതിയില്‍ ഇതു സംബന്ധിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കൂ.

 ഊര്‍ധ്വം പ്രാണാ ഹ്യുത്ക്രാമന്തി യൂന:സ്ഥവിര ആയതി.

 പ്രത്യുത്ഥാനാഭിവാദാഭ്യാം പുനസ്താന്‍ പ്രതിപദ്യതേ (മനുസ്മൃതി 2.120 )

അര്‍ഥം: മുതിര്‍ന്നവര്‍ വരുമ്പോള്‍ ഇളയവന്റെ പ്രാണങ്ങള്‍ ദേഹത്തുനിന്നും പുറത്തുപോകാന്‍ ഒരുങ്ങുന്നു. എഴുന്നേറ്റ് മുതിര്‍ന്നവരെ അഭിവാദനം ചെയ്യുമ്പോള്‍ അവയെ അവന് തിരിച്ചു കിട്ടുകയും ചെയ്യുന്നു.

അതായത് മഹര്‍ഷി മനു പറയുന്നത് അനുസരിച്ച് മുതിര്‍ന്നവരെ ആദരിക്കുന്നതും അനാദരിക്കുന്നതും ശരീരത്തിലെ  പ്രാണന്റെ ഗതിയെ നിശ്ചയിക്കുന്നുണ്ട്. തുടര്‍ന്ന് മനു പറയുന്നു;

അഭിവാദന ശീലസ്യ നിത്യം വൃദ്ധോപസേവിന:

ചത്വാരി തസ്യ വര്‍ധന്തേ ആയുര്‍വിദ്യാ യശോ ബലം് (മനുസ്മൃതി 2.121)

അര്‍ഥം: വൃദ്ധരെ, മുതിര്‍ന്നവരെ ആദരിക്കുന്നത്  നിത്യവും ശീലമാക്കിയിട്ടുള്ളവന് ആയുസ്സ്, വിദ്യ, യശസ്സ്,. ബലം ഇവ നാലും വര്‍ധിക്കും.

ഈ  മനുസ്മൃതി ശ്ലോകത്തിന്റെ പാലിഭാഷാനുവാദം ബുദ്ധകൃതിയായ ധര്‍മപദത്തില്‍ നമുക്ക് വായിക്കാം. (ധര്‍മപദം 8.10) അങ്ങനെ സനാതന വൈദിക ധര്‍മത്തിന്റെ ഈ കാഴ്ചപ്പാട് ബുദ്ധധര്‍മത്തിലേക്കും സ്വീകരിക്കപ്പെട്ടു. പ്രാണന്റെ ഗതിയും വൃദ്ധോപസേവയും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ദീര്‍ഘായുസ്സ് വൃദ്ധോപസേവയുടെ മുഖ്യഫലമായി പറയപ്പെട്ടത്. ആപസ്തംബ ധര്‍മസൂത്രം ( 1.5.15) , ബൗധായന ധര്‍മസൂത്രം (1.2.26) തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളും ഇത് എടുത്തു പറയുന്നുണ്ട്.

ഇതിന്റെ മറുവശം ചിന്തിച്ചു നോക്കൂ.

മുതിര്‍ന്നവരെ ആദരിക്കാന്‍ അച്ഛനമ്മമാരോ മറ്റ്  മുതിര്‍ന്നയാളുകളോ ഗുരുക്കന്മാരോ ഒരുവനെ ചെറുപ്പത്തിലേ പഠിപ്പിച്ചിട്ടില്ല, എന്നു വെക്കുക, അവന്‍ വളര്‍ന്നു വരുന്നതിനനുസരിച്ച്  മുതിര്‍ന്നവരെ നിന്ദിക്കാന്‍ തുടങ്ങും. പൂന്താനം ജ്ഞാനപ്പാനയില്‍ ഇതേക്കുറിച്ചെഴുതിയത് ശ്രദ്ധേയമാണ്.

 ‘സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചെല്ലുമ്പോള്‍ 

 ശത്രുവേപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

 വന്ദിതന്മാരെ കാണുന്ന നേരത്തു

 നിനന്ദിച്ചത്രേ പറയുന്നിതു ചിലര്‍’

ആരേയും കേള്‍ക്കാന്‍ കൂട്ടാക്കാതെ താന്‍ കണ്ടയത്ര ലോകം മറ്റാരും കണ്ടിട്ടില്ലെന്ന ഭാവേന മുതിര്‍ന്നവരെ നിന്ദിച്ചു നടക്കുന്നവര്‍ കെട്ടുപൊട്ടിയ പട്ടം കണക്കേ നിയന്ത്രണംവിട്ട് സഞ്ചരിച്ച് ഒടുവില്‍ തകര്‍ന്നടിയുന്നു.

അത്തരക്കാര്‍ അവരറിയാതെ സ്വന്തം പ്രാണനാല്‍ സ്വന്തം ആയുസ്സിനെ ഹനിക്കുകയാണ് ചെയ്യുന്നത്. തമിഴ് സാഹിത്യകൃതിയായ തിരുക്കുറളില്‍ തിരുവുള്ളവര്‍ പറയുന്നത് കാണൂ.

 ‘ എരിയാറ്  ചുടപ്പടിനും ഉയ്‌വുണ്ടാം ഉയ്യാര്‍ 

   പെരിയാര്‍ പ്പിഴൈത്തൊഴുകു വാര്‍’

അര്‍ഥം:  എരിതീയാല്‍ പൊള്ളലേറ്റാലും രക്ഷകിട്ടിയേക്കാം. എന്നാല്‍ മൂത്തവരോട് തിന്മകള്‍ ചെയ്യുന്നവര്‍ എങ്ങനെ പോയാലും രക്ഷപ്പെടുകയില്ല.

ദേശധര്‍മങ്ങള്‍ക്കതീതമായി, ഭാരതത്തിന്റെ പൈതൃകമൂല്യങ്ങളില്‍ മുഖ്യമായി ഏവരും കണ്ടു പോന്നിരുന്ന, കൈമാറി വന്നിരുന്ന വൃദ്ധോപസേവയെ, മുതിര്‍ന്നവരെ ആദരിക്കേണ്ടതിനെക്കുറിച്ച് നമ്മളും നമ്മളുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. നാമറിയാതെ നമ്മിലേക്ക് ഒഴുകിയെത്തിയ ഈ പൈതൃകമൂല്യത്തെ അറിഞ്ഞുകൊണ്ട് വരും തലമുറയിലേക്ക് കൈമാറാന്‍ നാം തയ്യാറാകേണ്ടതുണ്ട്. എങ്കിലേ ഭാരതീയ പൈതൃകത്തിന്റെ പ്രവാഹനിത്യത എന്നും നിലനില്‍ക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

ViBESolutions (P) Ltd | Technopark Campus| Thiruvananthapuram, Kerala 695581 | www.vibesolution.com | Designed by Vibesolutions.